എറണാകുളം: കോണ്‍ഗ്രസ്സിന്റെ വഴി തടയിലിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം. ജോജു മദ്യപിച്ചെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം.
അതേസമയം, താന്‍ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.വൈദ്യ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മദ്യപിച്ചെത്തിയ നടന്‍ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുന്‍കൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണ് എന്ന് ജോജു പറഞ്ഞു. അതുകൊണ്ടാണ് സമരക്കാരോട് പോയി പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞു. അതിനവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ്. ഞാന്‍ മുന്‍പ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും. ഞാനും പരാതി കൊടുക്കും. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധച്ചതിനു വന്നതാണ് ആ പരാതി. ഞാന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു. ഇതിന്റെ പേരിലുള്ള സംസാരം കഴിഞ്ഞു. ഇനിയാരും ഇക്കാര്യം ചോദിക്കാന്‍ തന്നെ വിളിക്കരുതെന്നും ജോജു പറഞ്ഞു.