ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്‍റെ ബൈറ്റില്‍ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രേവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് പുലർച്ചെ വീട് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. രേവതിയുടെ ഭർത്താവ് ചൈതന്യയെയും അറസ്റ്റ് ചെയ്തു. രേവതിയുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തു. പള്‍സ് ന്യൂസ് ബ്രേക്കിന്‍റെ ഓഫീസും സീല്‍ ചെയ്തു. അതേസമയം, മാധ്യമപ്രവർത്തകയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാണ്. രാഹുല്‍ ഗാന്ധിയെ അടക്കം ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ രംഗത്തെത്തി.