കൊച്ചി: താര സംഘടനയായ അമ്മ ക്ളബ് ആണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ കൂടുതൽ പ്രതിഷേധം ഉയരുന്നു. ക്ലബ് ആയ ‘അമ്മ’യിൽ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്കു ജോയ് മാത്യു കത്തെഴുതി. സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അംഗത്വ ഫീ തിരിച്ചു തരണമെന്നും ജോയ് മാത്യു പറയുന്നു.
ക്ലബ് ആണെന്ന് പറയുമ്പോൾ കൂടെയുള്ളവർ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്?. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അർഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവർ. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങൾ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല ‘അമ്മ’. മറ്റേതു സംഘടനയെടുത്താലും വേതനത്തിൻറെ കാര്യത്തിൽ വേർതിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലർക്കും കീഴ്പ്പെടണം. വിരുദ്ധ അഭിപ്രായങ്ങളും കുറവാണ്.–ജോയ് മാത്യു പറയുന്നു.
നടൻ ഷമ്മി തിലകൻ പറയുന്നതിൽ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടയാടിയ സംഘത്തോട് സമരസപ്പെടാൻ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകൻ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങൾ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാൻ പറ്റില്ലെന്നും ജോയ് മാത്യു പറഞ്ഞു.
വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി.