കൊച്ചി : കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് രക്ഷകനായി ഫയർഫോഴ്സ്. കൊച്ചിയിലെ പാതാളം ജംഗ്ഷനടുത്ത് താമസ്സിക്കുന്ന ഷാജുവിന്റെ മകൻ ഋ്തിക് ആണ് അബദ്ധവശാല്‍ കാറില്‍ കുടുങ്ങിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. അബദ്ധവശാല്‍ കുഞ്ഞ് കാറിനകത്ത് പെട്ടുപോവുകയായിരുന്നു. എന്നാല്‍ താക്കോല്‍ കാറിനകത്തായത് കാർ തുറക്കുന്നതിന് വെല്ലുവിളിയായി. കാറിന് സ്പെയർ കീയും ഇല്ലായിരുന്നത് പ്രശ്നം ഗുരുതരമാക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഏലൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിൻ്റെ ഡോർ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഉളക്കി മാറ്റി കൈയിട്ട് ഡോർ തുറന്നായിരുന്നു കുട്ടിയെ രക്ഷിച്ചത്. അതേസമയം, കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം. ഏലൂരില്‍ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസ്സർ ഡി ഹരിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ അനിമോൻ, എംവി സ്റ്റീഫൻ, എസ്എസ് നിതിൻ, വിപി സ്വാഗത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. ചെറിയ കുട്ടികളുളള വീട്ടില്‍ വാഹനങ്ങളുടെ സ്പെയർ കീ കരുതണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നല്കി.