പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികകൾക്കു മുന്നിൽ അദ്ദേഹം പകച്ചു നിന്നില്ല. നിശ്ചയദാർഢ്യത്തോടെ പോരാടിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ കെ ആർ നാരായണനു സാധിച്ചു.
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവിതം പ്രചോദനമേകുമെന്നും ജസ്റ്റീസ് കെ ടി തോമസ് പറഞ്ഞു. കെ ആർ നാരായണനുമായുള്ള തൻ്റെ ഊഷ്മള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പെരുമന, സുമിത കോര, നിഷ ജോസഫ്, ദിയ ആൻ ജോസ് എന്നിവർ പ്രസംഗിച്ചു.