തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കെഎസ്‌ആർടിസി കൂടുതല്‍ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്‌ആർടിസി ഷോപ്പിംഗ് കോംപ്ലക്സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നല്‍കാൻ നടപടി എടുക്കും. കെഎസ്‌ആർടിസി കംഫർട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏല്‍പ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 23 ഡ്രൈവിംഗ് സ്കൂളുകള്‍ കൂടി കെഎസ്‌ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. 15 വർഷമായ വാഹനങ്ങള്‍ പൊളിക്കാനുള്ള ടെണ്ടർ നടപടി ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. 865 വാഹനങ്ങള്‍ ആരോഗ്യ വകുപ്പില്‍ തന്നെ ഉണ്ട്. ധാരാളം സർക്കാർ വാഹനങ്ങള്‍ ഇത്തരത്തിലുണ്ടെന്നും ഗണേഷ് കുമാർ നിയമസഭയില്‍ പറഞ്ഞു.