തിരുവനന്തപുരം : എസ്.എഫ്.ഐയെ ഒരു ക്രിമിനല്‍ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എഫ്.ഐ പ്രവർത്തകരെ ഉപയോഗിക്കുകയാണ്. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളേജില്‍ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിദ്ധാർഥന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാർഥന്റെ അമ്മയേയും അച്ഛനേയും കാണാൻ കഴിയുന്നത്. സിദ്ധാർഥന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല, അത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാർഥന്റെ കൊലപാതകം. ഉത്തരേന്ത്യയിലും മറ്റും കണ്ടുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കണ്ട് അത് ഒരിക്കലും ഇന്ത്യയില്‍ നടക്കില്ലെന്ന് കരുതുന്ന കേരളീയരുടെ ചിന്തകള്‍ക്ക് മേലേറ്റ അടിയാണ് ഈ സംഭവം. കോളേജ് ഹോസ്റ്റലുകള്‍ പാർട്ടി ഗ്രാമങ്ങള്‍പോലെ ആയിമാറുന്നു. സംഘടനയില്‍ ചേരാൻ കൂട്ടാക്കാത്ത വിദ്യാർഥികളോട് പ്രതികാര മനോഭാവത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർ പെരുമാറുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതൊന്നും തടയാൻ കഴിയാത്ത അധ്യാപക സമൂഹവും ഇവിടെ പ്രതിക്കൂട്ടിലാണ്. അതേസമയം, എസ്.എഫ്.ഐ. പ്രവർത്തകരെ ക്രിമിനലുകളാക്കി വളർത്തുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളർത്തിയത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. തന്റെ അഴിമതിയും രാഷ്ട്രീയ ജീർണതയും സർക്കാരിന്റെ ചീത്തപ്പേരും മറച്ചുപിടിക്കാനായി പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് മുഖ്യമന്ത്രി എസ്.എഫ്.ഐ. പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്,’ – വേണുഗോപാല്‍ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമികള്‍ക്കും ക്രിമിനലുകള്‍ക്കും ജീവൻരക്ഷകരുടെ പരിവേഷം നല്‍കി മാലയിട്ട് സ്വീകരിച്ച് അത്തരക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ വേണ്ടി നിർദ്ദേശം നല്‍കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സിദ്ധാർഥിന്റെ കൊലപാതകം അടക്കുള്ള സംഭവങ്ങളില്‍ പ്രതിക്കൂട്ടിലാണെന്നും വേണുഗോപാല്‍ ആരോപിച്ചു. 1998-ല്‍ നിയമം മൂലം നിരോധിച്ചതാണ് റാഗിങ്. ആ സമയം ഞാൻ കേരള നിയമസഭയിലെ അംഗമായിരുന്നു. ഞാൻ കൂടി ഉള്‍പ്പെട്ട സബ്ജക്‌ട് കമ്മിറ്റിയാണ് ആ തീരുമാനം കൈക്കൊണ്ടത്. പിന്നീട് റാഗിങുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമവും വന്നു. ഇവിടെ റാഗിങ് മാത്രമല്ല, ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവുമാണ് നടന്നിരിക്കുന്നത്,’ – വേണുഗോപാല്‍ കുറ്റപ്പെടുത്തി.