ആലപ്പുഴ: ദി ഹിന്ദു ദിനപ്പത്രത്തില്‍ മുഖ്യമന്ത്രി അഭിമുഖത്തില്‍ നടത്തിയത് ഏറ്റവും വേദനയുണ്ടാക്കുന്ന പരാമർശമെന്ന് കെസി വേണുഗോപാല്‍. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയാണിത്. അത് നടത്തിയിട്ട് 24 മണിക്കൂർ മുഖ്യമന്ത്രി മിണ്ടിയില്ല. അഭിമുഖം തെറ്റാണെങ്കില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ട ഉടൻ തിരുത്തണ്ടേ? അമളി പറ്റിയാല്‍ ധൈര്യമായി തിരുത്തണം. അല്ലെങ്കില്‍ പി.ആർ ഏജൻസി ഉണ്ടെങ്കില്‍ അത് ഉണ്ടെന്ന് തുറന്ന് പറയുകയാണ് വേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
നിലപാട് അബദ്ധമെന്ന് മനസ്സിലായപ്പോഴാണ് മുഖ്യമന്ത്രി തിരുത്തിയത്. ഇങ്ങനെ ചിരിച്ച് കൊണ്ട് ലാഘവത്തോടെയാണോ വിഷയം കൈകാര്യം ചെയ്യേണ്ടത്? മുഖ്യമന്ത്രി ഈ കാര്യത്തിൽ മറുപടി പറഞ്ഞേ മതിയാവൂ എന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.