കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളില്‍പോലും പോയില്ല. വിദേശയാത്രയില്‍ മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിക്കുന്ന പ്രസ്താവനയാണ് ഇ.പി. ജയരാജൻ നടത്തിയത്. വിദേശയാത്ര പോകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ. സുധാകരന്റെ തിരിച്ചുവരവ് സ്വാഭാവികമാണെന്നും അനാവശ്യ വിവാദം ഒഴിവാക്കാനാണ് ഇന്നുതന്നെ ചുമതല ഏറ്റെടുക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
വടകരയില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പക്വത കാണിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ശൈലജ മോശം പ്രചാരണമാണ് നടത്തിയത്. സ്വാഭാവികമായും ഷാഫി പറമ്ബിലിനും തിരിച്ചുപറയേണ്ടി വന്നു. വടകരയില്‍ യു.ഡി.എഫ്. മികച്ച വിജയം നേടും. കോഴിക്കോട് എം.കെ. രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകും, അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും വി.എസ്. സുനില്‍കുമാർ രണ്ടാം സ്ഥാനത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.