തിരുവനന്തപുരം: കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരൻ വിട്ടുനില്‍ക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരൻ യോഗങ്ങളില്‍ പങ്കെടുക്കില്ല. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവർത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.
മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്‍റെ അധ്യക്ഷതയിലുള്ള സംഘമാണ് മുരളിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. തൃശ്ശൂരില്‍ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൃശ്ശൂർ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ തലത്തില്‍ ഉണ്ടായ ചർച്ചകള്‍ സംസാരിച്ചു. തൃശ്ശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നില്ല. കെപിസിസി നേതൃ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോള്‍ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.