തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് പോകരുതെന്ന് കെ മുരളീധരന് എംപി. ഈ ക്ഷേത്രം നിര്‍മിക്കുന്നതിന്റെ പശ്ചാത്തലം കൂടി പരിഗണിക്കണം. 450 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചാണ് ഈ ക്ഷേത്രം പണിയുന്നത്. കോണ്‍ഗ്രസ് അവിടെ പോകുന്നത് സാധാരണ വിശ്വാസികള്‍ പോകുന്നത് പോലെയുള്ള കാര്യമല്ല. ഹൈക്കമാന്‍ഡിനെ ഈ വികാരം ധരിപ്പിച്ചിട്ടുണ്ടെന്നും ശരിയായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും മുരളീധരന് പറഞ്ഞു.
കൂടാതെ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ നയമെന്നും അത് തുടരുമെന്നും മുരളീധന് കൂട്ടിച്ചേര്‍ത്തു. ഒരു മതവിശ്വാസത്തിന്റെ പ്രതീകം തകര്‍ത്തുകൊണ്ട് അവിടെയാണ് ഈ അമ്പലം ഉണ്ടാക്കുന്നത്. നേരേമറിച്ച് സാധാരണ രീതിയിലായിരുന്നു ക്ഷേത്രം നിര്‍മിക്കുന്നതെങ്കില്‍, അതിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിന് യാതൊരു വിരോധവുമുണ്ടാവില്ല എന്നും മുരളീധരന് പറഞ്ഞു.