കെ ഫോണ്‍ ശൃംഖലയുടെ ആസ്ഥാനം കോട്ടയം പള്ളത്ത്; പ്രഥമ പരിഗണന സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന്; കൈയ്യെത്തും ദൂരത്തെത്തി കെ ഫോണ്‍

കോട്ടയം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്(കെ ഫോണ്‍) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ്് ലഭ്യതയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ്് സേവനവും ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ് കെ ഫോണ്‍.

Advertisements

ജില്ലയില്‍ 626 സ്ഥാപനങ്ങളില്‍ കേബിള്‍ കണക്ഷന്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പ്രഥമ പരിഗണന. ജില്ലയില്‍ 626 സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് നല്‍കുന്നതിന് ഫൈബര്‍ കേബിള്‍ കണക്ഷന്‍ എത്തിച്ചുകഴിഞ്ഞു. ഇതില്‍ 428 എണ്ണത്തില്‍ മോഡം, യു.പി.എസ്. റാക്ക് ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള കണക്ടിവിറ്റി പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. നിലവില്‍ 955 കിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ സ്ഥാപിച്ചതായും കെ-ഫോണ്‍ അധികൃതര്‍ പറഞ്ഞു. റെയില്‍വേ മേല്‍പ്പാലങ്ങളുടേയും ദേശീയ പാത അതോറിറ്റിയുടേയും അനുമതി ലഭ്യമായാല്‍ ബാക്കി സ്ഥാപനങ്ങളിലെ ഫൈബര്‍ കണക്ടിവിറ്റിയും റാക്ക് ഇന്‍സ്റ്റലേഷനും പൂര്‍ത്തിയാക്കും.
കെ-ഫോണ്‍ ശൃംഖലയുടെ ഭാഗമായി ജില്ലയിലെ 24 പോപുകള്‍ (പോയിന്റ് ഓഫ് പ്രസന്‍സ്) വരുന്ന കെഎസ്ഇബി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 2561.633 കിലോമീറ്ററിലാണ് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. കെഎസ്ഇബി യുടെ ട്രാന്‍സ്മിഷന്‍ ടവറുകളിലെ പ്രധാന ലൈനുകളിലൂടെ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് എര്‍ത്ത് വയര്‍ (ഒപിജിഡബ്യൂ) കേബിള്‍ ജോലികള്‍ 71.19 ശതമാനവും (135 കി.മീ) വൈദ്യുത പോസ്റ്റുകളിലൂടെ ഓള്‍ ഡൈ-ഇലക്ട്രിക് സെല്‍ഫ് സപ്പോര്‍ട്ടിംഗ് കേബിള്‍ (എഡിഎസ്എസ്) സ്ഥാപിക്കുന്ന ജോലികള്‍ 34.57 ശതമാനവും (820 കി.മീ) പൂര്‍ത്തിയായി.
കെ.എസ്.ഇ.ബിയുടെയും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.റ്റി.ഐ.എല്‍) സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയാണ് ഫണ്ട് നല്‍കുന്നത്. ഏകോപനവും അറ്റകുറ്റപ്പണികളും നടത്തുന്നത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് (ബെല്‍).

ശൃംഖലയുടെ ആസ്ഥാനം പള്ളത്ത്

കെ-ഫോണ്‍ ശൃംഖലയുടെ മസ്തിഷ്‌കമെന്നറിയപ്പെടുന്ന കോര്‍പോപ് (കോര്‍ പോയിന്റ് ഓഫ് പ്രസന്‍സ്) ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത് പള്ളം കെ.എസ്.ഇ.ബി. 220 കെ.വി. സബ് സ്റ്റേഷനിലാണ്. കോര്‍ പോപ്പിനെ 110/220/400 കെ.വി. ലൈന്‍ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് ജില്ലയിലെ ഏഴു വൈദ്യുത സബ് സ്റ്റേഷനുകളിലെ അഗ്രിഗേഷന്‍ പോപുകളുമായും 16 സബ്‌സ്റ്റേഷനുകളിലെ പ്രീ ആഗ്രിഗേഷന്‍ ആന്‍ഡ് സ്പര്‍ പോപുകളുമായും ബന്ധിപ്പിക്കും. ഇതൊരു വളയാകൃതിയിലുള്ള ശൃംഖലയായാണ് പ്രവര്‍ത്തിക്കുക.
കഞ്ഞിക്കുഴി, ഗാന്ധിനഗര്‍, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, രാമപുരം, പാലാ എന്നീ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലെ അഗ്രിഗേറ്റ് പോപുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രീ ഫാബ് ഷെല്‍ട്ടറിനുള്ളിലെ ടെലികോം ഉപകരണങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധന അവസാനഘട്ടത്തിലാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ പ്രവര്‍ത്തനസജ്ജമാകുന്ന പോപുകളുടെ പരിധിയിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉടന്‍ നല്‍കിത്തുടങ്ങും. മെയ് പകുതിയോടെ കെ ഫോണ്‍ പദ്ധതിയുടെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ ഫോണ്‍ പ്രൊജക്ട് മേധാവി മോസസ് രാജകുമാര്‍ പറഞ്ഞു.

16 സബ്‌സ്റ്റേഷനുകളിലെ പ്രീ അഗ്രിഗേഷന്‍ ആന്‍ഡ് സ്പര്‍ പോപുകളുടെ നിര്‍മാണം, പോപുകളുടെ പരിധിയിലെ സ്ഥാപനങ്ങളിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ പോപ് പ്രീ ഫാബ് ഷെല്‍ട്ടറിനുള്ളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കുക, ഇവയുടെ സ്വീകാര്യത ഉറപ്പാക്കുക, എന്‍ഡ് ഓഫീസ് സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ സ്ഥാപിച്ചിരിക്കുന്ന മോഡം, യുപിഎസ് റാക്ക് ഇന്‍സ്റ്റലേഷന്‍ എന്നീ ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നതെന്ന് കെ ഫോണ്‍ പ്രൊജക്ട് മാനേജര്‍ പി. ലേഖ പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ക്കായി 13 സംഘം

എഡിഎസ്എസ് കേബിള്‍ ശൃംഖലയിലൂടെയാണ് ജില്ലയിലെ പഞ്ചായത്തുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും ഇന്റര്‍നെറ്റ് നല്‍കാന്‍ സംവിധാനമൊരുങ്ങുന്നത്. ഇതിനായി ഓരോ സബ്സ്റ്റേഷനുകളിലെ പോപുകളില്‍ നിന്നും സ്ഥാപനങ്ങളുടെ 250 മീറ്റര്‍ അകലത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും. ജില്ലയിലെ 2006 സ്ഥാപനങ്ങളില്‍ എന്‍ഡ് ഓഫീസ് ഫൈബര്‍ ശൃംഖലയുടെ ആവശ്യകതയുണ്ട്.
പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 80 ജീവനക്കാര്‍ പല വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നതായി ബെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രൂപ്സിംഗ് പറഞ്ഞു.

കെ ഫോണ്‍ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടൊപ്പം 30000 സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ന്യൂട്രല്‍ ആക്‌സസ് നെറ്റ് വര്‍ക്ക് ആയി പ്രവര്‍ത്തിക്കുന്ന കെ ഫോണ്‍ കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും വലിയ ശൃംഖലയായിരിക്കും.
ഇതിലൂടെ സ്വകാര്യ സേവന ദാതാക്കളില്‍ നിന്ന് വാടക ഈടാക്കി ഇന്‍ട്രാനെറ്റ് സൗകര്യവും നല്‍കും. ഈ നെറ്റ് വര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വേഗത നല്‍കും.

Hot Topics

Related Articles