കോട്ടയം : നട്ടാശ്ശേരിയിൽ സിൽവെർ ലൈൻ പദ്ധതിയുടെ കല്ലിടിലീൽ പ്രതിഷേധിച്ച് സമരക്കാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചു. വ്യത്യസ്തമായ സമര രീതിക്ക് നേതൃത്വം കൊടുത്തുകൊണ്ട് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷും സമരക്കാർക്കൊപ്പം അണിനിരന്നു. അതേസമയം നട്ടാശ്ശേരി കുഴിയാലിപടിയിൽ സ്ഥാപിച്ച 12 കല്ലുകളും സമരക്കാർ പിഴുതെറിഞ്ഞു. നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധത്തെ തുടർന്ന് കല്ലിടിയിൽ താൽക്കാലികമായി നിർത്തിവെച്ചു.
കെ റെയിൽ അധികൃതർ എത്തിയ സംക്രാന്തി കുഴിയാലിപ്പടിയിൽ സംഘർഷാവസ്ഥ. നാട്ടുകാരെ തടഞ്ഞ് പൊലീസും കെ റെയിൽ അധികൃതരും കൂടി സ്ഥാപിച്ച 12 സർവേ കല്ലുകൾ നാട്ടുകാർ പിഴുതെടുത്തു. പിഴുതെടുത്ത കല്ലുകളുമായി നാട്ടുകാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലേക്ക് പ്രകടനം നടത്തി. ഇതിന് ശേഷം സർവേക്കല്ലുകൾ മീനച്ചിലാറിന്റെ കൈവഴിയിലും ഒഴുക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി കല്ല് സ്ഥാപിക്കൽ നിർത്തി വച്ചതായി പ്രഖ്യാപിച്ച ശേഷം, ശനിയാഴ്ച രാവിലെ നട്ടാശേരി കുഴിയാലിപ്പടിയിൽ എത്തിയ കെ.റെയിൽ സർവേ സംഘമാണ് കല്ല് സ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരാവിലെ മുതൽ തന്നെ സർവേ സംഘം എത്തുമെന്ന പ്രതീക്ഷിച്ച് നാട്ടുകാർ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വൻ സന്നാഹം ഒരുക്കിയതും, സർവേ സംഘം തയ്യാറെടുക്കുന്നതുമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സമരത്തിനു തയ്യാറെടുത്തത്. എന്നാൽ, നാട്ടുകാർ സ്ഥലത്ത് എത്തും മുൻപ് തന്നെ കെ.റെയിൽ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. പൊലീസ് സംഘത്തിന്റെ അകമ്പടിയിൽ സ്ഥലത്ത് എത്തിയ സംഘം, നട്ടാശേരിയിൽ മൂന്നിടത്ത് കല്ലിട്ടു. ഇത് അറിഞ്ഞ് പ്രതിഷേധക്കാർ പാഞ്ഞെത്തിയെങ്കിലും പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇവിടെ കല്ലിടുന്നതിനായി കെ.റെയിൽ സംഘം എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു കല്ല് പോലും സ്ഥാപിക്കാതെ സംഘത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അപ്രതീക്ഷിതമായി കെ.റെയിൽ ഉദ്യോഗസ്ഥ സംഘം അതിവേഗം സ്ഥലത്ത് എത്തി കല്ലിട്ടത്. കല്ലിട്ട വിവരം അറിഞ്ഞ് കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് തമ്പടിച്ചു. പൊലീസിന്റെയും കെ.റെയിൽ ഉദ്യോഗസ്ഥരുടെയും കബളിപ്പിക്കൽ നയത്തിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
കല്ല് പറിച്ചെറിയുമെന്ന നിലപാട് ആവർത്തിക്കുകയാണ് നാട്ടുകാർ. ഇതിനുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. കല്ലിട്ട വിവരം അറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നാട്ടുകാരും പൊലീസും സ്ഥലത്ത് നേർക്കുനേർ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇവിടെ ഉടലെടുത്തിരിക്കുന്നത്.