തിരുവനന്തപുരം : വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടെ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പോലീസ് കേസെടുക്കാന്‍ മടിക്കുന്നത് സിപിഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിച്ചാല്‍ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല. നാടിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.
വെള്ളത്തിന് തീപിടിപ്പിക്കുന്ന ഈ വര്‍ഗീയ പ്രചരണത്തിന്റെ സൃഷ്ടാവ് സിപിഎമ്മാണെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നാട്ടില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് വിവാദത്തില്‍ ഏതെങ്കിലും നിരപരാധികളെ പ്രതികളാക്കി തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎമ്മും അവരുടെ പാദസേവകരായ പോലീസും ഒളിസേവ നടത്തുമായിരുന്നു എന്നും സുധാകരൻ പറഞ്ഞു.