‘ബാറുടമകളിൽ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി നടത്തി’: മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന് സുധാകരൻ

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്ബന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യംനയം നടപ്പിലാക്കുന്നതെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്. അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്‍ നശിപ്പിക്കുന്നത്. കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍.

Advertisements

കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കി.
ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച്‌ ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ല്‍ നിന്നും 12 ലേക്ക്) ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്‍റ് വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരൻ എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Hot Topics

Related Articles