തിരുവനന്തപുരം: കേരളത്തില്‍ ദില്ലി മോഡല്‍ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നതാണ്.
മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്കി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മള് കണ്ടതാണ്. ഇപ്പോള്‍ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിന്റേതിന് സമാനമായ രീതിയിലാണ് എല്‍ഡിഎഫും മുന്നോട്ട് പോകുന്നത്. ദില്ലി ബാർക്കോഴ കേസില്‍ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ ജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.