കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍. കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി വാദം കേള്‍ക്കും.
കേസില്‍ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ അപ്പീല്‍ സമർപ്പിച്ചത്. ഇക്കാര്യം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കിയതാണ്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്‌എസ് ഡീല്‍ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രന്‍റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് മേല്‍ ചുമത്തിയ വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്‍റെയും പ്രൊസിക്യൂഷന്‍റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകര്‍പ്പില്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. പരമാവധി ഒരു വര്‍ഷത്തെ തടവ് ശിക്ഷയുളള ഒരു കുറ്റത്തില്‍ ഒരു വര്‍ഷത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രൊസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനായി സുന്ദരയെ തട്ടിക്കൊണ്ട് പോയതിന്‍റെയും തടവില്‍ പാര്‍പ്പിച്ചതിന്‍റെയും വിവരങ്ങളും പണവും ഫോണുമടക്കമുളള പാരിതോഷികങ്ങള്‍ നല്‍കിയതിന്‍റെയും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും യഥാവിധം കോടതിയെ ബോധ്യപ്പെടുത്താനായില്ല. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനായി ബിജെപി നേതാക്കള്‍ തനിക്ക് രണ്ടര ലക്ഷം രൂപയും 8800 രൂപ വിലയുളള മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണം. സുന്ദരയുടെ ആരോപണം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് വിട്ടത്. പിന്നാലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.