കാഞ്ഞിരമറ്റം കൊടികുത്തിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. എന്നാൽ ഈ വിവരം ആരും അറിഞ്ഞില്ലെന്ന് വ്യാപക പരാതി ഉയരുകയാണ്. കാഞ്ഞിരമറ്റം കൊടികുത്തിനോട് അനുബന്ധിച്ച് പതിവുപോലെ റെയിൽവേ പരശുറാം, എക്സ്പ്രസ്സ് മെമു സ്പെഷ്യൽ സർവീസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. പക്ഷേ ജനപ്രതിനിധികളൊ പ്രദേശവാസികളോ പോലും അറിയാത്തതിനാൽ കയറാനും ഇറങ്ങാനും ആരുമില്ലാത്ത അവസ്ഥയായിരുന്നു.
രാവിലെ മംഗലാപുരത്തേയ്ക്കുള്ള 16650 പരശുറാമും നിർത്തിയപ്പോൾ സമീപ സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് കാഞ്ഞിരമറ്റത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നെന്ന വിവരം യാത്രക്കാർ അറിയുന്നത്. അതോടെ സ്റ്റോപ്പുള്ള മൂന്നാമത്തെ സർവീസും കാഞ്ഞിരമറ്റം കടന്നിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാതിമത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങൾ എല്ലാ വർഷവും കാഞ്ഞിരമറ്റം കൊടികുത്തിന് എത്തുന്നത് പതിവാണ്. തെക്കൻ ജില്ലകളിൽ നിന്നും കൂടുതൽ യാത്രക്കാരും ട്രെയിനുകളെയാണ് കാഞ്ഞിരമറ്റമെത്തുന്നതിന് ആശ്രയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്രക്കാർ ഇറങ്ങി കഴിയാത്തതിനാൽ ഒരു മിനിറ്റിലേറെ നിർത്തിയിടേണ്ട സാഹചര്യം പിൽക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴാണ് ഈ വർഷം കയറാനും ഇറങ്ങാനും ആരുമില്ലാതെ സ്റ്റേഷൻ ശൂന്യമായത്. ജനപ്രതിനിധികൾ സോഷ്യൽ മീഡിയയിലൂടെ സ്റ്റോപ്പുകളുടെ വിവരം ഷെയർ ചെയ്യുന്നത് പതിവായിരുന്നു. അപ്രകാരം മാധ്യമങ്ങൾ വലിയ തോതിലുള്ള പബ്ലിസിറ്റിയും നൽകാറുമുണ്ടായിരുന്നു. ഇത്തവണ രണ്ടും ഉണ്ടായില്ല. പക്ഷേ റെയിൽവേ പതിവുപോലെ നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. കാഞ്ഞിരമറ്റത്ത് സ്റ്റേഷൻ ഓഫീസ് പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി. സ്റ്റോപ്പുകൾ പടിപടിയായി വെട്ടിക്കുറച്ച് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്റ്റേഷനുകളിലൊന്നാണ് കാഞ്ഞിരമറ്റം.
രാവിലെ നിലമ്പൂർ പോകുന്ന 16325/26 എക്സ്പ്രസ്സിന് കോവിഡിന് മുമ്പ് കാഞ്ഞിരമറ്റത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നു. പ്രാദേശിക അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടന്ന സ്റ്റേഷനാണ് കാഞ്ഞിരമറ്റം. ഇവിടെ നിന്നുള്ളവർക്ക് ഏറ്റവും സൗകര്യം ട്രെയിൻ ഗതാഗതമാണ്. ബ്ലോക്ക് സ്റ്റേഷനുകളെക്കാൾ കൂടുതൽ യാത്രക്കാർ ഇവിടെ കയറാനും ഇറങ്ങാനും ഉണ്ടായിരുന്നു. പുതുതായി അനുവദിച്ച 06169 മെമുവിനും കാഞ്ഞിരമറ്റത്ത് സ്റ്റോപ്പ് നിഷേധിക്കപ്പെട്ടിരുന്നു. യാത്രക്കാർ പലതവണ പ്രതിഷേധിച്ചിട്ടും ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകാത്തതിനാൽ റെയിൽവേ അവരുടെ വിലാപങ്ങൾ കേട്ടഭാവം നടിക്കുന്നില്ല. യാത്രക്കാർ ഏറ്റവും ആവശ്യപ്പെടുന്ന 06169 സ്പെഷ്യൽ സർവീസിന് തന്നെയാണ് ഇന്ന് റെയിൽവേ താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.
എന്നാൽ ഈ വിവരം അറിയാതെ യാത്രക്കാർ മണിക്കൂറുകൾക്ക് മുമ്പുള്ള 66322 മെമുവിൽ ഇന്നും എറണാകുളം എത്തുകയായിരുന്നു.
പതിവുപോലെ പള്ളിയിൽ നിന്ന് ജനപ്രതിനിധികൾ മുഖാന്തരം സ്റ്റോപ്പുകൾക്ക് അപേക്ഷ കൊടുത്തിരുന്നു. വേണാടിന് സ്റ്റോപ്പ് നിഷേധിച്ചത് ഒഴിച്ചാൽ ആവശ്യം റെയിൽവേ അംഗീകരിക്കുകയായിരുന്നു. പക്ഷേ അനുവദിച്ച വിവരം കാണിച്ച് വേണ്ട രീതിയിലുള്ള പബ്ലിസിറ്റി നൽകാൻ സാധിച്ചില്ല. കാഞ്ഞിരമറ്റത്ത് കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് വിതരണം നടത്തുന്ന രഘുനാഥിനെ റെയിൽവേ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നോട്ടിസ് പതിപ്പിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങൾ പോലും വേണ്ട പ്രാധാന്യം നൽകിയില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.