കോടതി കയറിയ കടുവ തീയറ്ററിലിറങ്ങാൻ വൈകും ! പാലാക്കാരൻ കുറുവച്ചന്റെ പരാതിയിൽ സിനിമ കാണുക സെൻസർ ബോർഡ് ; റിലീസ് കുറുവച്ചൻ സിനിമ കണ്ട ശേഷം

കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ തിയേറ്ററിലെത്താന്‍ ഒരാഴ്ച കൂടി വൈകും. നിയമപരമായ ചില പ്രശ്നങ്ങളാല്‍ ആണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ച്‌ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ സിനിമ കണ്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

Advertisements

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന്, കടുവയിലാവട്ടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനായ പൃഥ്വിരാജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഐ.പി.എസ്. ഓഫീസറുമായി മുന്‍പ് താന്‍ നടത്തിയ നിയമയുദ്ധം മാധ്യമശ്രദ്ധ നേടുകയും അതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ വന്നിരുന്നുവെന്നും ഹര്‍ജിക്കാരനായ ജോസ് പറയുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അതു നടന്നില്ല. അതിനുശേഷമാണ് തിരക്കഥാകൃത്തായ ജിനു വര്‍ഗീസ് എബ്രഹാം കടുവ എന്ന തിരക്കഥയുമായി എത്തിയത്, ഇത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹര്‍ജിയില്‍ ജോസ് കുരുവിനാക്കുന്നേല്‍ പറയുന്നത്. ജോസിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് നടന്‍ പൃഥ്വിരാജും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. “വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍, ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണ്! ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റുകയാണ്. ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു,” എന്നാണ് പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോന്‍ ആണ് ‘കടുവ’യിലെ നായിക. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജം ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സം​ഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കനല്‍ കണ്ണന്‍, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Hot Topics

Related Articles