തിരുവനന്തപുരം: കടുവയ്ക്ക് ശേഷം പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. ഷെഡ്യൂൾ പൂർത്തിയായ വിവരം പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. തലസ്ഥാന നഗരത്തിലെ തെരുവ് ഗുണ്ടകളുടെ രക്തരൂക്ഷിതമായ കഥ പറയുന്ന ചിത്രം പ്രശസ്ത എഴുത്തുകാരനായ ജി. ആർ ഇന്ദുഗോപന്റെ ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന കൃതിയിലെ കഥയെ ആസ്പമാക്കിയാണ് നിർമിക്കുന്നത്. ചിത്രത്തിൽ ‘കൊട്ട മധു’ എന്ന ഗുണ്ട നേതാവിനെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ജി. ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥ അടുത്തിടെ ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന പേരിൽ റിലീസ് ചെയ്തിരുന്നു.
ദേശീയ ചലചിത്ര അവാർഡ് ജേതാവായ അപർണ ബാലമുരളിയാണ് കാപ്പയിൽ നായിക കഥാപാത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരും ചിത്രത്തിലെ താരനിരയുടെ ഭാഗമാണ്. തിയേറ്റർ ഓഫ് ഡ്രീംസിന്റെയും ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെയും സഹകരണത്തിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ ആണ്. സംവിധായകനായ വേണുവിനാണ് ചിത്രം പ്രഖ്യാപിച്ചപ്പോൾ സംവിധാന ചുമതലയുണ്ടായിരുന്നത്. പിന്നീട് ഷാജി കൈലാസ് ആ സ്ഥാനത്തേയ്കക്ക് എത്തിച്ചേരുകയായിരുന്നു.