കടുത്തുരുത്തി: കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളമില്ലാത്തതിനാൽ ജീവനക്കാരും, ഓഫീസിലെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടിൽ. കുടിക്കാനോ, പ്രാഥമിക ആവശ്യത്തിനും ഒന്നിനും തന്നെ അവിടെ വെള്ളമില്ല. ആധുനിക നിലവാരത്തിൽ പണി തീർത്ത സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ വെള്ളത്തിനായി സമിപത്തെ വീടുകളിൽ പോകേണ്ട അവസ്ഥയാണിപ്പോൾ. ഊണ് കഴിച്ചാൽ കഴുകുന്നതിനും, പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളം സമീപത്തെ വീട്ടിൽ പോയി വേണം ഇവർ ശേഖരിക്കാൻ. ദിവസവും നിരവധി ആളുകളാണ് പല ആവശ്യങ്ങൾക്കായി ഈ ഓഫീസിൽ എത്തുന്നത്.
രണ്ട് മാസം മുൻപാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. ഒരു ലക്ഷം രൂപയോളം ചിലവാക്കി ഇവിടെ കുഴൽ കിണർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും ഇതിലൂടെ വരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഇവിടെ ജല അതോറിട്ടിയുടെ പൈപ്പ് കണക്ഷൻ ലഭിച്ചിട്ടില്ല. സമീപത്തെ വില്ലേജ് ഓഫീസിലും ഇതേ അവസ്ഥയാണ്. പുതിയതായി പണിത കെട്ടിടമായതുകൊണ്ട് വില്ലേജ് ഓഫീസിൽ എത്തുന്നവരും ഈ ഓഫീസിലേക്കാണ് പ്രാഥമിക ആവശ്യങ്ങൾക്കായി എത്തുന്നത്. എത്രയും വേഗം കുടിവെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.