ആലപ്പുഴ: കൈനകരിയില്‍ ഹൗസ് ബോട്ട് ജീവനക്കാരും വിനോദ സഞ്ചാരത്തിനെത്തിയ വിമുക്തഭടന്മാരും ഏറ്റുമുട്ടി. സംഘർഷത്തില്‍ വിമുക്തഭടൻമാരുടെ സംഘത്തിലെ രണ്ട് പേർക്ക് വെട്ടേറ്റു. ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ആലപ്പുഴയില്‍ വിനോദസഞ്ചാരത്തിന് എത്തിയതാണ് 14 പേരടങ്ങുന്ന വിമുക്ത ഭടൻമാരുടെ സംഘം. ഇവർ സഞ്ചരിച്ചിരുന്ന ഫോർ സൈറ്റ് എന്ന ഹൗസ് ബോട്ടില്‍ എസിയും മൈക് സിസ്റ്റവും പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ഹൗസ് ബോട്ട് ജീവനക്കാരുമായി തർക്കം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. തുടർന്ന് വൈകീട്ടോടെ കൈനകരിയില്‍ ബോട്ട് അടുപ്പിച്ചപ്പോള്‍ ജീവനക്കാരും പുറത്ത് നിന്ന് വന്നവരും ചേർന്ന് വിമുക്തഭടൻമാരെ ആക്രമിച്ചെന്നുമാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിമുക്ത ഭടൻമാരില് ഒരാളുടെ തലയ്ക്ക് അടിയേറ്റു. മറ്റൊരാള്‍ക്ക് കൈക്കും വെട്ടേറ്റു. ആഴത്തില്‍ മുറിവേറ്റ ഹരിലാലിന് കൈക്ക് 22 സ്റ്റിച്ച് ഉണ്ട്. ഹരിലാലിന്റെ പരാതിയില്‍ ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ വിനോദ സഞ്ചാരത്തിന് എത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നും അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് ഹൗസ് ബോട്ട് ജീവനക്കാർ പറയുന്നത്.