ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി കല്ലാര്‍കുട്ടി പുഴയില്‍ പാറക്കെട്ടിൽ കുടുങ്ങിയ 2 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകള്‍ നേരത്തെ ഉയർത്തിയതോടെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. പുഴയിലെ പാറക്കെട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി. പിന്നീട് നാട്ടുകാര്‍ ഡാം അധികൃതരെ വിളിച്ച് വരുത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനിടെ, ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. മണ്ണും കല്ലും റോഡിലേക്ക് വീണ് ഗതാഗതം അല്പസമയം തടസ്സപ്പെട്ടു. ആലുവ-മുന്നാര്‍ ദേശീയപാതയിലായിരുന്നു സംഭവം. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണം കല്ലും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ മുതല്‍ ഇടുക്കി ജില്ലയുടെ പലഭാഗത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇതേതുടര്‍ന്ന് ജില്ലയില്‍ നിലവില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.