ചെന്നൈ: കമൽഹാസൻ നായകനായ വിക്രം ബോക്സ്ഓഫീസിൽ വമ്ബൻ വിജയമായി മുന്നേറുകയാണ്.
ബോക്സ് ഓഫീസിൽ ഇതുവരെ ഏകദേശം 315 കോടിയാണ് വിക്രം നേടിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം വിക്രം 150 കോടിക്ക് അടുത്ത് നേടി.
കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ ആണ് വിക്രം നിർമിച്ചിരിക്കുന്നത്. സിനിമ വൻ ഹിറ്റായതോടെ സംവിധായകൻ, സഹ സംവിധായകർ, അഭിനേതാക്കൾ എന്നിവർക്ക് നിർമാതാവ് കൂടിയായ കമൽഹാസൻ സമ്മാനങ്ങൾ നൽകി. സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാറാണ് കമൽഹാസൻ സമ്മാനിച്ചത്.
ഇപ്പോൾ ഇതാ വിക്രം നൽകിയ സാമ്ബത്തിക വിജയത്തെ കുറിച്ച് കമൽഹാസൻ മനസ്സുതുറക്കുകയാണ്. ഈ പണം കൊണ്ട് തന്റെ എല്ലാ കടങ്ങളും വീട്ടുമെന്നാണ് കമൽഹാസൻ പറയുന്നത്. ‘ഈ പണം കൊണ്ട് ഞാൻ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നതുവരെ ഭക്ഷണം കഴിക്കും. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയുന്നവിധം സഹായം നൽകും. അതിനുശേഷം ഒന്നും ബാക്കി ഇല്ലെങ്കിൽ ഇനി കൊടുക്കാൻ ഇല്ല എന്ന് പറയും,’ കമൽഹാസൻ പറഞ്ഞു.