ചെന്നൈ : പൗരത്വനിയമ ഭേദഗതിയാണ് (സിഎഎ) രാജ്യത്ത് ഈ സമയം ഏറ്റവുമധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനം ഇന്നലെ വൈകീട്ടോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് ശേഷം രാത്രിയില്‍ തന്നെ സിഎഎക്കെതിരായി രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. ഇന്നും രാജ്യവ്യാപകമായി സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ നിലപാട് അറിയിക്കുകയാണ് തെന്നിന്ത്യൻ സൂപ്പര്‍താരം കമല്‍ഹാസന്‍റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’. ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്ന് കമല്‍ഹാസൻ പ്രതികരിച്ചു.
മതത്തിന്‍റെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പാര്‍ട്ടി വക്താവെന്ന നിലയില്‍ കമല്‍ഹാസൻ പറഞ്ഞു. നേരത്തെ ജനപ്രിയ താരം വിജയും സിഎഎക്കെതിരായി തങ്ങളുടെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് വിജയ് തന്‍റെ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. ഇതിന് ശേഷം വരുന്ന ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎയ്ക്കെതിരായത് എന്നതും ശ്രദ്ധേയമാണ്. അതേസമയം തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കാനാണ് കമല്‍ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ തീരുമാനം. ഡിഎംകെയുടെ താരപ്രചാരകനായി എല്ലാ മണ്ഡലങ്ങളിലുമെത്തുമെന്നും കമല്‍ഹാസൻ അറിയിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കമല്‍ഹാസൻ കാത്തിരിക്കുന്നത്.