തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 20.1 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ എ പി ഷാജഹാനും സംഘത്തില്‍ ചേർന്നാണ് കേസ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, കെ വി വിനോദ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി എസ് മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, എൻ പി കൃഷ്ണകുമാർ, ഷൈൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, ശരത്ത്, ദീപു, എം എം അരുണ്‍കുമാർ, ബസന്ത്കുമാർ, രജിത്ത് ആർ നായർ, കെ മുഹമ്മദ് അലി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുണ്‍ എന്നിവരും കേസെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ തിരുവനന്തപുരത്ത് തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നട്ടുവളർത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ടെറസില്‍ ചാക്കുകളില്‍ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് കഞ്ചാവ് ചെടി ശ്രദ്ധയില്‍പ്പെട്ട് പൊലീസിനെ അറിയിച്ചത്.
പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടില്‍ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടില്‍ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് പഞ്ചായത്തില്‍ നിന്നുള്ള രണ്ട് ജീവനക്കാർ വീട്ടിലെത്തിയത്. അപ്പോഴാണ് ടെറസില്‍ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികള്‍ ഇവർ കണ്ടെത്തുന്നത്.