മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന് കങ്കണ ആരോപിച്ചു. ഉദ്ധവ് താക്കറെയുടെ പരാജയം താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവമെന്നും ആരാണ് രാക്ഷസനെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്ന് കങ്കണ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വൻ വിജയത്തിന് ശേഷമാണ് കങ്കണയുടെ പ്രതികരണം.
ബൃഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ (ബിഎംസി) ബാന്ദ്രയിലെ കങ്കണയുടെ ബംഗ്ലാവ് നിയമ വിരുദ്ധ നിർമാണം ചൂണ്ടിക്കാട്ടി തകർത്തത് മുതല്‍ തുടങ്ങിയതാണ് ഈ വാക്പോര്- “അവർ എന്റെ വീട് തകർക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു. അത്തരം പ്രവൃത്തികള്‍ക്ക് അനന്തര ഫലങ്ങള്‍ ഉണ്ടാകും. ഉദ്ധവ് താക്കറെയുടെ കനത്ത പരാജയം ഞാൻ പ്രതീക്ഷിച്ചിരുന്നു” എന്നാണ് കങ്കണയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനധികൃത നിർമ്മാണം നടത്തിയെന്ന് ആരോപിച്ച് ബിഎംസി 2020 സെപ്തംബറിലാണ് വീടിന്റെ ഭാഗം പൊളിച്ചുനീക്കിയത്. പിന്നീട് ബിഎംസിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കങ്കണയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വിധിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വൻ വിജയത്തെക്കുറിച്ച് സംസാരിച്ച കങ്കണ റണാവത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു, അദ്ദേഹത്തെ അജയ്യൻ ആണെന്നും രാജ്യത്തിന്റെ രക്ഷയ്ക്ക് നിയോഗിക്കപ്പെട്ട നേതാവാണെന്നും കങ്കണ പറഞ്ഞു.