പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ കൂടി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ ഈ തെലുങ്ക് ചിത്രം മലയാളികളും ഏറ്റെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകൾക്ക് കേരളക്കര നൽകിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ എത്തുകയാണ്. ഈ അവസരത്തിൽ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
വിശ്വാസം ശക്തിയാകുമ്പോൾ – ഒരു യോദ്ധാവ് ജനിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടാണ് കണ്ണപ്പ ബുക്കിംഗ് ആരംഭിച്ച വിവരം മോഹൻലാൽ അറിയിച്ചത്. ഒപ്പം തന്റെയൊരു പോസ്റ്ററും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഹന്‍ലാലിനൊപ്പം അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 150-200 കോടിയാണ് കണ്ണപ്പയുടെ ബജറ്റ്. മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം. ചിത്രത്തിൽ പ്രഭാസും മോഹൻലാലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു, കാജല്‍ അഗര്‍ വാള് തുടങ്ങിയ വന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്. 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് വരുന്നത്. എന്തായാലും എന്ത് വിസ്മയമാകും തങ്ങള്‍ക്കായി മോഹന്‍ലാല്‍ കാത്തുവച്ചിരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.