“എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ ഉണ്ടായിരുന്നു”; “കണ്ണപ്പ”യിലെ വിഷ്ണു മഞ്ചുവിന്‍റെ പ്രകടനത്തെ  പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു മഞ്ചുവിന്‍റെ പ്രകടനത്തെയാണ് രാം ഗോപാല്‍ വര്‍മ്മ മുക്തകണ്ഠം പ്രശംസിക്കുന്നത്. അദ്ദേഹം വാട്സ്ആപ്പില്‍ തനിക്ക് അയച്ച മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് എക്സില്‍ക്കൂടി വിഷ്ണു മഞ്ചു തന്നെയാണ് പുറത്തുവിട്ടത്.

Advertisements

വിഷ്ണു മഞ്ചുവിന് രാം ഗോപാല്‍ വര്‍മ്മ അയച്ച അഭിനന്ദന സന്ദേശം ഇങ്ങനെ- “ദൈവങ്ങളിലോ ഭക്തരിലോ താല്‍പര്യമുള്ള ആളല്ല ഞാന്‍. അതിനാല്‍ത്തന്നെ അത്തരം വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ ഞാന്‍ സ്വതവേ കാണാറില്ല. പക്ഷേ ഒറിജിനല്‍ (കണ്ണപ്പ) ചിത്രം കോളെജ് കാലത്ത് ഞാന്‍ നാല് തവണ കണ്ടിട്ടുണ്ട്. നായകനെയും നായികയെയും ഒപ്പം ഗാനങ്ങളും കാണാന്‍ വേണ്ടി ആയിരുന്നു ആ കാഴ്ചകള്‍. തിന്നഡുവായി നിങ്ങള്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിന്‍റെ ഒരു മാതൃക ആയിരിക്കുന്നു. എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തില്‍ ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ലൈമാക്സില്‍ ശിവലിംഗത്തില്‍ നിന്ന് ചോരയൊഴുകുന്നത് തടയാനായി തിന്നഡു തന്‍റെ കണ്ണുകള്‍ നല്‍കുന്നിടത്ത് അഭിനയത്തിന്‍റെ പരകോടിയിലേക്ക് നിങ്ങള്‍ എത്തുകയാണ്. സാധാരണ ഇത്തരം രംഗങ്ങളെ ഞാന്‍ എതിര്‍ക്കാറാണ് പതിവ്. പക്ഷേ നിങ്ങള്‍ എന്നെ ആ രംഗം ഇഷ്ടപ്പെടുത്തിയെന്നത് ആഹ്ലാദിപ്പിക്കുന്നു. ശിവന് കീഴടങ്ങുന്നിടത്തെ നിങ്ങളുടെ അസംസ്കൃതമായ സത്യസന്ധത വൈകാരികമായ ആഴം പ്രകടനത്തില്‍ കൊണ്ടുവരുന്നതിന്‍റെ ഒരു മാസ്റ്റര്‍ക്ലാസ് ആണ്. ആ സമയത്തെ നിങ്ങളുടെ മുഖം മനോവേദനയും ബഹുമാനവും കൂടിക്കലര്‍ന്ന ഒന്നാണ്. എല്ലാവരും പ്രഭാസിനെ കാണാന്‍ വേണ്ടിയാവും തിയറ്ററുകളിലേക്ക് വരുന്നത്. പക്ഷേ ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണാനായി തിയറ്ററിലേക്ക് പോവുകയാണ്”, രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയുടെ പശ്ചാത്തലമുള്ള ഒന്നാണ്. ഭക്തിയുടെ ആത്മീയമായ ആഴങ്ങളിലേക്കും ഒപ്പം വൈകാരിക തലങ്ങളിലേക്കും വലിയ കാന്‍വാസില്‍ പ്രേക്ഷകരെ കൊണ്ടുപോവുകയാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Hot Topics

Related Articles