മൂവി ഡെസ്ക്ക് : മലയാളത്തിലെ സമീപകാല റിലീസുകളില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു.മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസില്‍ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 75 കോടി പിന്നിട്ടുകഴിഞ്ഞു. നിലവില്‍ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അതേസമയം തമിഴില്‍ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തുന്നത് കണ്ണൂര്‍ സ്ക്വാഡ് കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സ്ക്രീന്‍ കൌണ്ടിന്‍റെ കാര്യത്തില്‍ നാലാം വാരവും ചിത്രത്തിന് മോശമല്ലാത്ത നിലയുണ്ട്.
നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ മമ്മൂട്ടി ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്. പൂജ അവധിദിനങ്ങള്‍ ലക്ഷ്യമാക്കി ഈ വാരാന്ത്യത്തില്‍ കൂടുതല്‍ സ്ക്രീനുകളിലേക്കും ചിത്രം എത്തും. അതേസമയം ലിയോയ്ക്ക് കേരളത്തില്‍ ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ് റിലീസ് ആണ്. മറ്റൊരു സിനിമയ്ക്കും ഇന്നുവരെ ലഭിക്കാത്ത തരത്തില്‍ 655 സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു കേരളത്തിലെ ആദ്യ ഷോകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നും തിയറ്റര്‍ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചിരുന്നു. “ഈ സമയത്ത് ഇത്രയും തിയറ്ററുകള്‍ മതി എന്നതാണ് വാസ്തവം. റിലീസ് സമയത്ത് മള്‍ട്ടിപ്ലെക്സുകളില്‍ മൂന്നും നാലും സ്ക്രീനുകളില്‍ കളിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു സ്ക്രീന്‍ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കില്‍ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോള്‍ അത്രയും പ്രേക്ഷകര്‍ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിന്‍റെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടും”, ലിബര്‍ട്ടി ബഷീര്‍ പറയുന്നു.