കണ്ണൂർ: ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തില്‍ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പല്‍. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പല്‍ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പല്‍മാർക്കുള്ള പോർട്ടലില്‍ വന്നു. ഇത് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാർത്ഥികള്‍ക്ക് നല്‍കിയെന്ന് ഡോ. എം ജെ മാത്യു പറഞ്ഞു.
ടെസ്റ്റാണെന്നും പുറത്തുവിടരുതെന്നും രജിസ്ട്രാർ വിളിച്ചുപറഞ്ഞത് നാല് മണിക്കാണ്. ഇപ്പോള്‍ കോളേജിനെ പഴിചാരി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിൻസിപ്പല്‍ പ്രതികരിച്ചു.
ഇന്നലെയാണ് കണ്ണൂർ സർവകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് പുറത്തുവന്നത്. പ്രിൻസിപ്പല്‍മാരുടെ പോർട്ടലില്‍ മുൻകൂട്ടി അപ്‌ലോഡ് ചെയ്ത ഫലമാണ് പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഔദ്യോഗികമായി പുറത്തു വരുന്നതിന് മണിക്കൂറുകള്‍ക്കു മുൻപേ പരീക്ഷാഫലം വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു. ഇതിന് പിന്നാലെ 6 മണിയോടെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവന്നത്. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഫലം ചോർന്നെന്ന ആരോപണം ഉന്നയിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്തിയത് നേട്ടമായി അവതരിപ്പിച്ച സർവകലാശാലക്ക് വീഴ്ച കല്ലുകടിയായി.