കണ്ണൂര്‍: സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി ഹൈക്കോടതി. നടന്നത് ശരിയായ നിയമനമാണെന്നും അത് ഹൈക്കോടതി ഇപ്പോള്‍ ശരിവച്ചെന്നും കണ്ണൂര്‍ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്. പഠിച്ചിട്ട് തന്നെയാണ് ഗവര്‍ണര്‍ നിയമനം നടത്തിയതെന്നും അദ്ദേഹത്തിന് നിയമയും രാഷ്ട്രീയവും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് സ്വാഭാവിക നടപടിയാണെന്നും വി.സി കൂട്ടിച്ചേര്‍ത്തു. പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഡിവിഷന്‍ബെഞ്ചിനെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, ഡോ. ഷിനോ. പി. ജോസ് എന്നിവരാണ് ഹര്‍ജിക്കാര്‍.വി.സി നിയമനത്തിനുള്ള പ്രായപരിധി 60 ആണെന്നിരിക്കെ ഈ വ്യവസ്ഥ ലംഘിച്ചാണ് ഡോ. ഗോപിനാഥിനെ വീണ്ടും നിയമിച്ചതെന്നും യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. തുടര്‍ന്ന് ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് കഴിഞ്ഞയാഴ്ച ഹര്‍ജി ഉത്തരവിനായി മാറ്റി. ഇതിനു ശേഷം വി.സി നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഹര്‍ജിക്കാര്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. കണ്ണൂര്‍ വി.സി നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദമുള്‍പ്പെടെ ഗവര്‍ണര്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തു പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സിംഗിള്‍ബെഞ്ച് വിളിച്ചു വരുത്തി പരിശോധിച്ച് അന്തിമ തീര്‍പ്പുണ്ടാക്കണമെന്നാണ് പുതിയ ആവശ്യം. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.