കന്യാകുമാരിയില്‍ നിന്നും കാണാതായ 7 വയസ്സുകാരിയെ നെയ്യാറ്റിൻകര ബസ്റ്റാൻഡില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് കന്യാകുമാരി കടല്‍ത്തീരത്ത് കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന ആന്ധ്ര സ്വദേശിയുടെ മകളായ സംഗീതയെ (7) ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. രക്ഷിതാക്കള്‍ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കന്യാകുമാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് യാത്രികരാണ് നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനോട് വിവരം ചോദിച്ചറിഞ്ഞതിനു ശേഷം കന്യാകുമാരി എന്ന് കുഞ്ഞു അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈമാറുന്ന നടപടിക്രമങ്ങള്‍ നടത്തി വരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരാള്‍ കുഞ്ഞിനെ എടുത്തു എന്നാണ് കുഞ്ഞു പറയുന്നത്. ഒരുപക്ഷേ കുഞ്ഞിനെ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തട്ടിക്കൊണ്ടുവരുന്നതിനിടയ്ക്ക് നെയ്യാറ്റിൻകരയില്‍ ഉപേക്ഷിച്ചതാവാം എന്നും പൊലീസിന്റെ നിഗമനം.