കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെതിരെയാണ് കാപ്പ ചുമത്തിയത്. പനച്ചിക്കാട് പൂവന്തുരുത്ത് ചൂളക്കവല മഠത്തിൽ വീട്ടിൽ ലാൽജി മകൻ ഹീരാലാലിനെയാണ് കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി ഐജിയാണ് നടപടി എടുത്തത്.
വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഹീരാ ലാൽ. ഒരു വർഷത്തേക്കാണ് ഇയാളെ കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ഈസ്റ്റ്, മണർകാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നരഹത്യാശ്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപ്പനങ്ങൾ കൈവശം വെയ്ക്കുക, ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു.