കോട്ടയം ജില്ലയിലെ പേരുകേട്ട ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശി ലിബിൻ.കെ.ഉതുപ്പിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിറക്കി. ലിബിൻ.കെ.ഉതുപ്പിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കേസ്സുകളിൽ പ്രതിയായ ലിബിൻ കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ അച്ചു സന്തോഷിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനത്തിനായി ചെല്ലുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ഗുണ്ടയാണ് ലിബിൻ. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.