മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തി. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില്‍ മുന്നറിയിപ്പുണ്ട്.
വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തി. കരിപ്പൂരില്‍ ബസ് ഇറങ്ങി വിമാനത്താവളത്തിലേക്ക് എത്താൻ ഒട്ടേറെ പേർ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്.
കുറഞ്ഞ ചെലവിലുള്ള ഓട്ടോറിക്ഷ യാത്ര തടഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഇത്തരത്തിലൊരു ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്നാകണം ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ തടയുന്നില്ല.