കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൊളിഞ്ഞ ചുറ്റുമതില്‍ പുനസ്ഥാപിക്കാത്തത് മൂലം ദുരിതത്തിലായി നാട്ടുകാര്‍. ഇപ്പോള്‍ മഴ കനക്കുന്നതോടെ ഇവിടെ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തി വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം മലിനജലം നിറയുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് പൊളിഞ്ഞ മതിലിന് പകരം താല്‍ക്കാരികമായി ഷീറ്റാണ് വച്ചിരിക്കുന്നത്. ശക്തമായ മഴയില്‍ ഈ ഷീറ്റിന് കുത്തിയൊലിച്ചുവരുന്ന മലിനജലത്തെ പ്രതിരോധിക്കാൻ സാധിക്കില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെയും കരിപ്പൂരില്‍ ശക്തമായ മഴയായിരുന്നു. ഇതോടെ വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലാകെ മലിനജലം കുത്തിയൊലിച്ചെത്തി നിറയുകയായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റും ആളുകള്‍ താമസിക്കുന്ന ഭാഗങ്ങളെല്ലാം താഴ്ന്ന നിരപ്പിലുള്ളതാണ്. ഇതാണ് ഇത്രയധികം വെള്ളം കുത്തിയൊലിച്ച് എത്താൻ കാരണം. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.