മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്ബോഴുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ പാറിപ്പോയെന്ന് പരാതി. പരിസരത്തെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് നൂറിലധികം ഓടുകള്‍ പാറിപ്പോയി. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. റണ്‍വേയുടെ കിഴക്കു വശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റില്‍, കരിപ്പൂരിനടുത്ത് ഇളനീർക്കര മേലേപ്പറമ്ബില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്റെ വീട്ടിലാണ് സംഭവം.
മേല്‍ക്കൂരയിലെ ഓടുകള്‍ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓടുകള്‍ പൊട്ടിവീണ് ചിതറിക്കിടക്കുകയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മൊയ്തീന്റെ മകള്‍ ജുവൈരിയ ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടു. ജുവൈരിയയുടെ സഹോദരൻ യൂസുഫ്, ഭാര്യ നാജിയയ്ക്കും മകനുമൊപ്പം മാതാവ് ആമിനയെ ചികിത്സക്ക് കൊണ്ടുപോയ സമയത്തായിരുന്നു ഇത്. പതിവില്ലാത്തവിധം വിമാനത്തിന്റെ ശബ്ദം കേട്ടുവെന്നും ശക്തമായ കാറ്റില്‍ ഓടുകള്‍ പാറിപ്പോകുകയായിരുന്നുവെന്നും ജുവൈരിയ പറഞ്ഞു. വീട് താമസ യോഗ്യമല്ലാതായിരിക്കുകയാണ്.