തിരുവനന്തപുരം : ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നാടന്‍ ബോംബ് വല്ലതും ആണോയെന്ന് സംശയം തോന്നും. എന്നാല്‍ ഇത് ബോംബും വെടിയുണ്ടയും ഒന്നുമല്ല, കര്‍ക്കിടക അരിയുണ്ടയാണ്.ആരോഗ്യത്തിന് അത്യുത്തമമായ നല്ല നാടന്‍ നിര്‍മിതി. കൂത്തുപറമ്ബ് എം.എല്‍.എ കെ പി മോഹനന്‍ ആണ് വീട്ടില്‍ നിര്‍മിച്ച കര്‍ക്കിടക അരിയുണ്ട നിയമസഭ സാമാജികര്‍ക്കായി എത്തിച്ചത്.ഒന്നും രണ്ടുമല്ല ഏതാണ്ട് ഇരുന്നൂറോളം ഉണ്ടയാണ് വാഴയിലയില്‍ പൊതിഞ്ഞു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പാനൂരിലെ വീട്ടില്‍ തയ്യാറാക്കിയ അരിയുണ്ട സഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും ആദ്യ കാഴ്ചയാണ്. “ഇത് പൊട്ടുമോ”എന്ന് തമാശ രൂപേണ ചില എംഎല്‍എമാര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, “പൊട്ടിയാല്‍ ആരോഗ്യം മെച്ചപ്പെടും” എന്നായിരുന്നു വടക്കന്‍ മലബാറില്‍ നിന്നുള്ള എംഎല്‍എമാരില്‍ ചിലരുടെ മറുപടി.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കര്‍ക്കിടക മാസത്തില്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ പരമ്ബരാഗതമായി നിര്‍മ്മിക്കുന്നവയാണ് ഈ ഉണ്ടകള്‍. അരി വറുത്തു പൊടിച്ച്, ശര്‍ക്കര ഉരുക്കിയൊഴിച്ച്, ജീരകവും ഏലക്ക പൊടിയും തേങ്ങയും കുഴച്ച് തയ്യാറാക്കിയതാണ് ഈ ഔഷധ പലഹാരം. പരമ്ബരാഗത രീതിയില്‍ ചേരുവകള്‍ ഉരലിലില്‍ പൊടിച്ചെടുക്കുകയായിരുന്നു.ഇതിനായി ജോലിക്കാരെ പ്രത്യേകം നിര്‍ത്തിയാണ് എംഎല്‍എ വിശേഷ ഉണ്ട തയ്യാറാക്കിയത്. ആയോധന കലകൂടി വശമുള്ള കെ പി മോഹനന്‍ എംഎല്‍എയുടെ വീട്ടില്‍ കഴിഞ്ഞ 16 വര്‍ഷമായി കര്‍ക്കിടക അരിയുണ്ടകള്‍ തയ്യാറാക്കുന്നുണ്ട്. ആദ്യമായാണ് സഹപ്രവര്‍ത്തകരായ സാമാജികര്‍ക്കായി കൊണ്ടുവരുന്നതെന്ന് മാത്രം.