ബംഗളുരു: കർണാടകയില്‍ വാഹനാപകടത്തില്‍ വിവിധ സ്ഥലങ്ങളിലായി ഒരു ദിവസം മരിച്ചത് 14 പേർ. ഉത്തര കന്നഡയിലെ എരെബിലെ എന്ന സ്ഥലത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേർ മരിക്കുകയും 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞ് കാരണം ഡ്രൈവർക്ക് എതിരെ വന്ന വാഹനം വ്യക്തമായി കാണാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്.
സാവനൂരില്‍ നിന്നും കുംതയിലെ അങ്ങാടിയിലേക്ക് പച്ചക്കറികള്‍ വില്ക്കാൻ പോകുന്നവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ട്രക്കിന്റെ മുകളിലായിരുന്നു യാത്രക്കാർ ഇരുന്നതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ ദിവസം റയിച്ചുർ ജില്ലയിലെ സിന്ധനുർ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ വിദ്യാർഥികളടക്കം 4 പേർ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മന്ത്രാലയ സംസ്കൃതം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍ മരിച്ച മൂന്നുപേർ. ആര്യവന്ദൻ(18) സചീന്ദ്ര (22 ) അഭിലാഷ് (20) ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടങ്ങളുടെ കൂടുതല്‍ വിവരം പൊലീസ് അന്വേഷിച്ച് വരുന്നു.