ബംഗളൂരു: കർണാടകയില്‍ വീണ്ടും വൻ ബാങ്ക് കവർച്ച. മംഗലാപുരത്തെ ഉള്ളാളിലുള്ള സഹകരണ ബാങ്കില്‍ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാള്‍ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് കവർച്ച നടന്നത്. മുഖം മൂടി ധരിച്ച സംഘം ഉച്ചയ്ക്ക് 1 മണിയോടെ ബാങ്കിലെത്തി. ഈ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കില്‍ അപ്പോഴുണ്ടായിരുന്ന എല്ലാ പണവും സ്വർണവും കൊള്ളയടിക്കുകയായിരുന്നു.
കവർച്ച നടന്ന സമയത്ത് ബാങ്കിലെ സിസിറ്റിവികള്‍ സർവീസ് ചെയ്യുകയായിരുന്നു. ബാങ്കിന് അകത്തുള്ള ഒരു ദൃശ്യവും പൊലീസിന് ലഭിച്ചില്ല. ബാങ്കിന് പുറത്തുനിന്നുള്ള ഒരു ദൃശ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ. സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ച് പേരാണെന്ന് സിസിടിവി നോക്കി തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിറ്റിവി സർവീസ് ചെയ്യുകയാണെന്ന് അറിയാവുന്ന ബാങ്കുമായി ബന്ധമുള്ള ആർക്കോ ഈ കവർച്ചയില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ കാറില്‍ മംഗലാപുരം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം.