കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് വന്നെന്ന് മന്ത്രി എംബി രാജേഷ്. അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സിഎംഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. മറ്റ് ചില സംസ്ഥാനങ്ങളും കെ സ്മാര്‍ട്ടിനായി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
‘കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കെ സ്മാര്‍ട്ട് കര്‍ണാടക നടപ്പിലാക്കാന്‍ മുന്നോട്ടുവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റര്‍നെറ്റ് കമ്ബ്യൂട്ടര്‍ പ്രോട്ടോക്കോള്‍ കെ സ്മാര്‍ട്ടുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.’ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നെന്ന് മന്ത്രി രാജേഷ് അറിയിച്ചു.