ബംഗളൂരു : പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയില്‍ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബലാത്സംഗ പരാതി തള്ളണമെന്ന ആവശ്യവുമായി എത്തിയ യുവാവിന്റെ പരാതി കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ യുവതിയുടെ പരാതി കോടതി തള്ളി. വഞ്ചന, ബലാത്സംഗം എന്നീ വകുപ്പുകള്‍ ആയിരുന്നു യുവാവിനെതിരെ ചുമത്തിയത്. ആറ് വർഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി എത്തിയത്.
2018ലാണ് ഇവർ വേർപിരിയുന്നത്. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ പീഡന പരാതിയുമായി എത്തിയത്. ആറ് വർഷം നീണ്ട ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നുവെന്നും ലൈംഗിക ബന്ധം ബലാത്സംഗം ആയിരുന്നില്ലെന്നുമാണ് യുവാവ് കോടതിയില്‍ വിശദമാക്കിയത്. തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നല്‍കിയതോടെയാണ് യുവാവ് കോടതിയില്‍ അഭയം തേടിയത്. ഇതോടെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നായി യുവതിയുടെ വാദം. ഇത് വഞ്ചനയാണെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകൻ വിശദമാക്കിയത്. ഇത്തരം സംഭവങ്ങളില്‍ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന്റെ ദുരുപയോഗമായി കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത്.