ബംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ ഹർജിയില്‍ നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കേസിലെ എല്ലാ ഇലക്ട്രോണിക് തെളിവുകളും നല്‍കണമെന്ന് കാട്ടി പ്രജ്വല്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജിയിലെ വിധിയിലാണ് ഹൈക്കോടതി നടിയെ ആക്രമിച്ച കേസ് പരാമർശിക്കുന്നത്. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി.
ഒരേയൊരു കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പ്രജ്വലിന്റെ അഭിഭാഷകർക്ക് പരിശോധിക്കാം. നടിയെ ആക്രമിച്ച കേസിലെ സുപ്രീംകോടതി വിധി പരാമർശിച്ചാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സുപ്രധാനവിധി. ‘നിങ്ങള്‍ പ്രജ്വല്‍ രേവണ്ണയായത് കൊണ്ട് നിയമം മാറ്റാനൊന്നും പറ്റില്ല’ എന്നാണ് കോടതി വിശദമാക്കിയത്. വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കാണാനേ അനുവദിക്കൂ എന്ന് കോടതി. അതും പ്രോസിക്യൂഷൻ കേസില്‍ തെളിവായി ഉപയോഗിച്ച ദൃശ്യങ്ങള്‍ മാത്രമേ കാണാൻ അനുവദിക്കൂ. പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന മറ്റ് കേസുകളിലെ ഇലക്ട്രോണിക് തെളിവുകള്‍ കാണാനോ കൈമാറാനോ അനുമതി നല്‍കില്ലെന്നും കോടതി വിശദമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെളിവ് കൈമാറണമെന്ന പ്രജ്വലിന്റെ ആവശ്യം പൂർണമായി തള്ളിക്കളയുന്നുവെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരുടെയും അതിജീവിതകളുടെയും സ്വകാര്യത പരമ പ്രധാനമെന്നും കോടതി വ്യക്തമാക്കി. പ്രജ്വലിന്റെ ഫോണില്‍ നിന്ന് 70 സ്ത്രീകളുടെ ആയിരക്കണക്കിന് സ്വകാര്യദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തിരുന്നത്. രാജ്യത്തെ ഞെട്ടിയ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.