മുംബൈ: രൺവീർ കപൂർ നായകനായി എത്തിയ ബ്രഹ്‌മാസ്ത്രയ്ക്ക് ബോക്‌സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രം ഇതിനോടകം 250 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് വ്യാജമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. താൻ ഈ വ്യാജക്കണക്ക് വിശ്വസിക്കില്ലെന്നും ഗണിതശാസ്ത്രജ്ഞനായ കരൺ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണമെന്നും കങ്കണ പരിസഹിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം ഞായറാഴ്ച തന്നെ വലിയ ഹിറ്റാണെന്നും 250 കോടിയുടെ ലാഭമുണ്ടാക്കിയെന്നും പറയുന്നത് വ്യാജമാണ്. വിഎഫ്എക്സ് ഉൾപ്പെടെ ബ്രഹ്‌മാസ്ത്രയുടെ ബജറ്റ് 650 കോടിയാണെന്നും എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 410 കോടി മാത്രമാണെന്നും കങ്കണ ചൂണ്ടിക്കാട്ടി.
നിർമ്മാതാവ് കരൺ ജോഹർ നെറ്റ്കളക്ഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിനെയും കങ്കണ വിമർശിച്ചു. ‘എനിക്ക് കരൺ ജോഹറുമായി ഒരു അഭിമുഖം നടത്തണം എന്തുകൊണ്ടാണ് ബ്രഹ്‌മാസ്ത്രയുടെ നെറ്റ് കളക്ഷൻ പുറത്തുവിടാതെ ഗ്രോസ് കളക്ഷൻ മാത്രം പുറത്തുവിട്ടതെന്ന് അറിയണം. എന്താണ് നിരാശ അവരുടെ കണക്കിൽ ഇന്ത്യയിൽ നിന്നും മാത്രം 60 കോടിയാണ് സിനിമ കളക്ട് ചെയ്തത്. നെറ്റ് കളക്ഷൻ ആണിത്. എന്നാൽ ഈ നമ്ബറിൽ എനിക്ക് വിശ്വാസമില്ല. ഇനി അത് വിശ്വസിച്ചാലും 650 കോടിയുടെ സിനിമ എങ്ങനെ ഹിറ്റായി മാറി’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോക്സ് ഓഫീസ് ഇന്ത്യയ്‌ക്കെതിരെയും താരം രംഗത്തെത്തി. മാഫിയയിൽ നിന്ന് പണം വാങ്ങി തന്നെയും തന്നെപ്പോലുള്ളവരേയും ഉപദ്രവിക്കുകയാണ് എന്നാണ് കങ്കണ കുറിച്ചത്. ഒരു ദിവസംകൊണ്ട് ബ്രഹ്‌മാസ്ത്ര വലിയ ഹിറ്റ് ആയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇതുവരെ നേടിയത് 65 കോടി മാത്രമാണ്. ‘മണികർണിക’യ്ക്കെതിരെ അവർ വലിയ അപവാദ പ്രചരണം നടത്തി. സിനിമയുടെ ചെലവ് 75 കോടിയും വരുമാനം 150 കോടിയുമായിരുന്നു. അതിനെ പരാജയമായി പ്രഖ്യാപിച്ചു. മഹാമാരി കാലത്ത് റിലീസ് ചെയ്ത ‘തലൈവി’ 100 കോടി നേടി. അതൊരു ദുരന്തമാണെന്ന് പ്രഖ്യാപിച്ചു. ‘ധാക്കഡി’ന്റെ പരാജയത്തിലും ടിക്കറ്റ് വിൽപ്പനയിലും അവർ പീഡിപ്പിച്ചു. നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു. ഈ കണക്ക് മനസ്സിലാക്കാൻ ഞാൻ ഇപ്പോൾ ഇവിടെയുണ്ട്. ഞാൻ ഗൂഢാലോചനകൾ നടത്തുന്നില്ല, പിന്നിൽ നിന്ന് കുത്താറില്ല. ഞാൻ പരസ്യമായും ന്യായമായും വെല്ലുവിളിക്കുന്നു.’ കങ്കണ കുറിച്ചു.