കറുകച്ചാൽ: കറുകച്ചാലിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിലിടിച്ച് വനിതാ ഡോക്ടർക്കു പരിക്ക്. പത്തനംതിട്ട പരുമലയിലെ ആശുപത്രിയിലെ വനിതാ ഡോക്ടർ സിബിലിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കറുകച്ചാൽ വാഴൂർ റോഡിൽ മാന്തുരുത്തി കുരിശുകവലയിലായിരുന്നു അപകടം.
പരുമലയിലെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ഡോക്ടർ. ഈ സമയം ഇവർ സഞ്ചരിച്ച കാർ, നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് കേസെടുത്തു.