കറുകച്ചാലിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കറുകച്ചാൽ: കറുകച്ചാലിൽ സെയിൽസ് വാൻ തടഞ്ഞു നിർത്തിയ യുവാക്കളുടെ സംഘം, ഡ്രൈവറുടെ കഴുത്തിൽവടിവാൾ വച്ച് ഭീഷണിപ്പെടുത്തി പണം അടങ്ങിയ ബാഗ് തട്ടിയെടുത്തു. സിഗരറ്റും ബീഡിയും അടക്കമുള്ള സാധനങ്ങൾ കടകളിൽ വിതരണം ചെയ്യുന്ന വാകത്താനം പണിക്കപ്പുരയിടം വീട്ടിൽ ബൈന്നി നൈനാൻ (53) ന്റെ കൈവശമുണ്ടായിരുന്ന പണമാണ് തട്ടിയെടുത്തത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ മുണ്ടത്താനം ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ ഇടറോഡിലായിരുന്നു അക്രമ സംഭവങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപന നടത്തുന്നയാളാണ് ബെന്നി. കളക്ഷൻ തുക വാങ്ങുന്നതിനായി പത്തനാട് ഭാഗത്ത് നിന്നും മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു. ഈ സമയത്ത് ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മുഖം മറച്ച ഹെൽമറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുൻപിൽ ബൈക്ക് കുറുകെ നിർത്തിയിട്ടു. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
ഇതിനു ശേഷം വടിവാളും കത്തിയുമായെത്തി അക്രമ സംഘം ബെന്നിയുടെ കഴുത്തിൽ വാൾ വെച്ച ശേഷം, ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് പിടിച്ചുവാങ്ങി. ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ഇവർ ബൈക്കിൽ രക്ഷപെട്ടു. അക്രമികളെത്തിയ ബൈക്കിന് നമ്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ, ബൈന്നി കറുകച്ചാൽ പൊലീസിൽ എത്തി പരാതി നൽകി.
സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയ സംഘംമാണെന്നു സംശയിക്കുന്നതായി കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള സംഘമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.