കൊല്ലം: പീഡനാരോപണ കേസില്‍ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരി. ഭർത്താവിൻ്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചെയർമാൻ കോട്ടയില്‍ രാജു മോശമായ രീതിയിൽ സംസാരിച്ചത്. ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിൻ്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. ഒരു വർഷം മുൻപ് നടന്ന സംഭവം പേടി കാരണമാണ് പുറത്തു പറയാൻ വൈകിയതെന്നും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി ആരോപിച്ചു.
എന്നാല്‍ അടിസ്ഥാന രഹിതമായ പരാതിയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന് നഗരസഭാ ചെയർമാൻ കോട്ടയില്‍ രാജു വ്യക്തമാക്കി. പൊലീസ് അന്വേഷണം പൂർത്തിയാകുമ്പോള്‍ നിജസ്ഥിതി വ്യക്തമാകും. താൻ പരാതിക്കാരിയെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ജീവനക്കാർ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിൻ്റെ പേരിലാണ് നിലവിലെ ജോലിയില്‍ നിന്നും പരാതിക്കാരിയെ മാറ്റിയതെന്നും രാജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരി സഹായം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ലെന്നും തൻ്റെ ഓഫീസില്‍ വന്നിട്ടില്ലെന്നും രാജു പറയുന്നു. പരാതിക്കാരിക്ക് പിന്നില്‍ ആളുണ്ടെന്നും അത് പാർട്ടിക്കാരാണോ എന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നും രാജു പ്രതികരിച്ചു.