കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസി മൊയ്തീൻ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നല്‍കുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനു മുന്നോടിയായി തൃശൂർ കോർപ്പറേഷൻ കൗണ്‍സിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചു. അടുത്ത ആഴ്ചതന്നെ ഹാജരാകാനാണ് നിർദേശം.
വടക്കാഞ്ചേരി കൗണ്‍സിലർ മധു അമ്പലപ്പുരത്തെയും ഇഡി വിളിപ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും വിശദാംശങ്ങള്‍ തേടിയതിനും ശേഷമായിരിക്കും എസി മൊയ്തീനെ വിളിപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് ഇഡി കടക്കുക. കേസില്‍ നേരത്തെ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികള്‍ ഉണ്ടായെങ്കിലും പിന്നീട് ഇതില്‍ കാലതാമസം നേരിട്ടു. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ അൻപത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നത്. ഇഡിയുടെ ഇപ്പോഴത്തെ നീക്കത്തിലൂടെ കൂടുതല്‍ നേതാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് വ്യക്തമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-2018 കാലത്ത് അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം. മുൻ സഹകരണരജിസ്ട്രാർമാർ, കരുവന്നൂർ തട്ടിപ്പിന്റെ പേരില്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ. ചന്ദ്രൻ, പ്രധാന പ്രതികളായ ബാങ്ക് മുൻമാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ്, പ്രധാനപ്രതിയായ മുൻ സെക്രട്ടറി സുനില്‍കുമാറിന്റെ അച്ഛൻ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴിനല്‍കിയിരുന്നു.