കട്ടപ്പന : നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് അനകൂലമായി നേടിയ ഹൈക്കോടതി വിധി നടപ്പാക്കി കട്ടപ്പന നഗരസഭ. തിങ്കളാഴ്ച രാവിലെ പേ ആൻഡ് പാർക്കിങിനായി വേണ്ട സ്ഥലം നഗരസഭ ലേലം കൊണ്ട വ്യക്തിയ്ക്ക് അടയാളപ്പെടുത്തി നൽകി. സംഭവത്തിൽ പ്രധിഷേധിച്ച് ഏതാനും വ്യാപാരികളും സി.പി.എം.പ്രവർത്തകരും രംഗത്ത് വന്നു. തുടർന്ന് നാലു പ്രതിഷേധക്കാരെ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് നീക്കി.
നാലു മാസം മുൻപാണ് നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാൽ ഓഡിറ്റ് സമയത്ത് വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പഴയ ബസ് സ്റ്റാൻഡ് പ്രസാദ് പുത്തൻപുരയ്ക്കൽ എന്ന വ്യക്തിയ്ക്ക് പാർക്കിങിനായി ലേലം വിളിച്ച് നൽകിയത്. എന്നാൽ വ്യാപാരികൾ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് പാർക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതർ പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങിനുള്ള സ്ഥലം വേലി കെട്ടിത്തിരിച്ചു. എന്നാൽ സി.പി.എം. പ്രവർത്തകരും വ്യാപാരികളും ചേർന്ന് വേലിയിളക്കി മാറ്റി. തുടർന്ന് നഗരസഭ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും പാർക്കിങ് ഫീസ് പിരിയ്ക്കുന്ന കാര്യത്തിൽ അനുകൂലമായ കോടതി വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പാർക്കിങ് ഫീസ് പിരിക്കാൻ നഗരസഭ സൗകര്യം ചെയ്യാത്തതിനാൽ അടച്ച തുക തിരികെ ലഭിയ്ക്കണമെന്ന് ബസ് സ്റ്റാൻഡ് ലേലം വിളിച്ചയാൾ ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ തീരുമാനമെടുക്കാൻ ജൂൺ ആദ്യവാരം കൗൺസിൽ വിളിച്ചു ചേർത്തു.പഴയ സ്റ്റാൻഡ് ലേലം ചെയ്താൽ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വ്യാപാരത്തെ ബാധിയ്ക്കുമെന്നും പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു.